Honey Bee malayalam movie review | honey bee review

Honey Bee malayalam movie review | honey bee review
ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ അഥവാ ജൂനിയര്‍ ലാല്‍ തന്റെ ആദ്യ സിനിമാസംരഭം മോശമാക്കിയില്ല. ജൂനിയര്‍ ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹണി ബീ എന്തായാലും മച്ചാന്‍മാര്‍ക്ക് രസിക്കും. അതേ, ന്യൂ ജനറേഷന്‍ ബഡീസിനെ ഉദ്ദേശിച്ച് ഇറക്കിയ ചിത്രം ആ അര്‍ഥത്തില്‍ എന്തുകൊണ്ടും വിജയമാണ്. തീയേറ്ററില്‍ ഈ ഹണി ബീക്ക് കുറച്ചുനാള്‍ എന്തായാലും തിരക്കുണ്ടാകുമെന്നുതന്നെ ഉറപ്പിക്കാം.

ഫോര്‍ട്ട് കൊച്ചിയിലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സെബാസ്റ്റ്യന്‍ എന്ന സെബാന്‍ (ആസിഫ് അലി), ഏയ്ഞ്ചല്‍ (ഭാവന), അബു (ശ്രീനാഥ് ഭാസി), ആമ്പ്രു (ബാലു), ഫെര്‍ണാണ്ടോ (ബാബുരാജ്), സാറാ (അര്‍ച്ചന കവി) എന്നിവര്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഏയ്ഞ്ചല്‍, ഫോര്‍ട്ട് കൊച്ചിയിലെ ഗുണ്ടാ തലവന്‍മാരായ മൈക്കളിന്റേയും സഹോദരന്‍മാരുടെയും ഒരേയൊരു സഹോദരിയാണ്. സ്ഥലത്തെ എസ് ഐയുമായി ഏയ്ഞ്ചലിന്റെ വിവാഹം ഉറപ്പിക്കുന്നു. തന്നോട് ഇഷ്ടമുണ്ടോയെന്ന് വിവാഹമുറപ്പിക്കുന്നതിന് മുന്നേ ഏയ്ഞ്ചല്‍ സെബാനോട് ചോദിക്കുന്നുണ്ടെങ്കിലും അയാള്‍ അത് കാര്യമാക്കി എടുക്കുന്നില്ല. എന്നാല്‍ ഏയ്ഞ്ചലിന്റെ ബാച്ചിലര്‍ പാര്‍ട്ടി കഴിഞ്ഞപ്പോള്‍ സെബാന് അവളെ മിസ് ചെയ്യുന്നതായി തോന്നുന്നു. ഏയ്ഞ്ചലിന്റെ വിവാഹത്തിന്റെ തലേനാള്‍ രാത്രി സെബാനും സുഹൃത്തുക്കളും അവളുടെ വീട്ടിലെത്തുന്നു. സെബാന്റെ കൂടെ ഏയ്ഞ്ചല്‍ വീടുവിട്ടിറങ്ങുന്നു. കോപാകുലരായ മൈക്കളും സംഘവും സെബാനെയും ഏയ്ഞ്ചലിനെയും കൂട്ടുകാരെയും പിടികൂടാന്‍ ശ്രമിക്കുന്നു. ഇവര്‍ സ്ഥലം വിടാതിരിക്കാന്‍ ഫോര്‍ട്ട് കൊച്ചി മുഴുവന്‍ ആള്‍ക്കാരെ ഏര്‍പ്പാടാക്കുന്നു. സെബാനും ഏയ്ഞ്ചലും കടന്നുകളയാതിരിക്കാന്‍ റോഡ് ബ്ലോക്ക് ചെയ്യുക വരെ ചെയ്യുന്നു. ഈ എതിര്‍പ്പുകളെയൊക്കെ അതിജീവിക്കാന്‍ സെബാനും എയ്ഞ്ചലിനും ആവുമോ എന്നതാണ് തുടര്‍ന്നുള്ള ഭാഗത്തില്‍ പറയുന്നത്. അത് ചിത്രം കണ്ടുതന്നെ അറിയുക.
ന്യൂ ജനറേഷന്‍ കോമഡി പാറ്റേണിലാണ് ചിത്രം. യുവപ്രേക്ഷകര്‍ക്കുള്ള ചിത്രം എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നു ചിത്രത്തിലെ സംഭാഷണങ്ങള്‍ ഉള്‍പ്പടെ. ഫോര്‍ട്ട് കൊച്ചി സ്ലാംഗില്‍സുഹൃത്തുക്കള്‍ക്കിടയിലെ ഭാഷയാണ് സംഭാഷണങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. മച്ചാനേ വിളി പോലുള്ള ഭാഷ. ഇംഗ്ലീഷും മലയാളവുമൊക്കെ കൂടിക്കലരുകയും ചെയ്യുന്നു. ന്യൂ ജനറേഷന്‍ ആയതുകൊണ്ട് ബീപ് ശബ്ദം ചിലപ്പോഴൊക്കെ കേള്‍ക്കാം. പക്ഷേ ചിത്രത്തിന്റെ വേഗതയും അഭിനേതാക്കളുടെ ടൈമിംഗ് ഒക്കെ ആകുമ്പോള്‍ അത്രയ്ക്ക് അങ്ങ് അരോചകമാവാനിടയില്ല ഈ സംഭാഷണങ്ങള്‍; പ്രത്യേകിച്ച് യുവ പ്രേക്ഷകര്‍ക്ക്. പേരില്‍തന്നെ സൂചിപ്പിക്കുന്നതുപോലെ മദ്യപാന രംഗങ്ങള്‍ യഥേഷ്ടമുണ്ട് ചിത്രത്തില്‍. ഇതൊക്കെ കേട്ടും കണ്ടും കുടുംബപ്രേക്ഷകര്‍ ചിലപ്പോള്‍ നെറ്റി ചുളിച്ചേക്കാം എന്ന് മാത്രം. കക്കൂസില്‍ വച്ച് പ്രണയം പറയുന്നതും ആദ്യമായി ഒരു മലയാളസിനിമയില്‍ കാണാം ഹണി ബീയിലൂടെ. സെന്റിമെന്റ്സ് സീനില്‍ പോലും വിജയകരമായി കോമഡി ഉപയോഗിച്ചിരിക്കുന്നു. കൂട്ടുകാരന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്ന സുഹൃത് ബന്ധങ്ങളുടെ തീവ്രത ക്ലീഷേയുടെ മടുപ്പിക്കലൊന്നുമില്ലാതെ ചിത്രത്തില്‍ പറയുന്നു. ചിത്രത്തില്‍ യുക്തിരഹിതമായ കാര്യങ്ങള്‍ പലതുണ്ടെങ്കിലും, ചില രംഗങ്ങള്‍ പഴയ ചില മലയാളവും ഹോളിവുഡും അടക്കമുള്ള സിനിമകളെ ഓര്‍മ്മിക്കുന്നുണ്ടെങ്കിലും പുതിയ ഒരു സംവിധായകന്റെ സംരഭമെന്ന നിലയ്ക്കും, ഹണി ബീ മുഴുനീള എന്റര്‍ടൈനര്‍ എന്ന ലക്ഷ്യത്തില്‍ മാത്രം ഒരുക്കിയതാണ് എന്നതിനാലും അതെല്ലാം തല്‍ക്കാലം കണ്ടില്ലെന്ന് നടിക്കാം. എന്തായാലും മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് ഹണി ബീ.
യുവപ്രേക്ഷകര്‍ക്ക് രസിക്കുന്ന ചിത്രങ്ങള്‍ ഒരുക്കാന്‍ എന്തായാലും താന്‍ മോശമല്ലെന്ന് ജൂനിയര്‍ ലാല്‍ ഉറപ്പുതരുന്നു ഹണി ബീയിലൂടെ. മുഴച്ചുകെട്ടില്ലാത്തെ തിരക്കഥയിലൂടെയും ഇഴച്ചില്ലാതെ ആഖ്യാനരീതിയിലൂടെയും ഹണി ബീ ഒരുക്കിയ ജൂനിയര്‍ ലാല്‍ പ്രതീക്ഷകള്‍ക്ക് വകതരുന്നുണ്ട്. ഹണി ബീ കണ്ടിരിക്കാന്‍ കൊള്ളാവുന്ന ചിത്രമെന്ന ശരാശരി വിലയിരുത്തലില്‍ ഒതുങ്ങുമെങ്കിലും കടലിലെ രംഗങ്ങള്‍ അടക്കമുള്ളവ ജൂനിയര്‍ ലാലില്‍ ഒരു മികച്ച സംവിധായകനുണ്ടെന്ന് അടിവരയിടുന്നു.
അഭിനേതാക്കളില്‍ ശ്രീനാഥ് ഭാസിയാണ് ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നത്. ഫോര്‍ട്ട് കൊച്ചി ഭാഷ കൈകാര്യം ചെയ്യുന്നതിലെ അനായാസതയും കോമഡിയിലെ ടൈമിംഗുമൊക്കെയായി ശ്രീനാഥ് ഭാസി തകര്‍പ്പന്‍ പ്രകടനം തന്നെ നടത്തുന്നു. ശ്രീനാഥ് ഭാസിക്ക് പുറമേ ബാബുരാജും ബാലുവുമാണ് കൂടുതല്‍ കയ്യടി നേടുന്നത്. ആസിഫ് അലിയും ഭാവനയും മോശമാക്കിയില്ലെന്ന് മാത്രം പറയാം. അര്‍ച്ചനാ കവിക്ക് കാര്യമായി ഒന്നുംചെയ്യാനുമുണ്ടായില്ല. ലാല്‍, സുരേഷ് കൃഷ്ണ , എസ് ഐ ജോര്‍ജ്ജിനെ അവതരിപ്പിച്ച വിജയ് ബാബു തുടങ്ങിയവര്‍ സ്വന്തം കഥാപാത്രങ്ങളെ ഭംഗിയാക്കി. ഛായാഗ്രഹണം നിര്‍വഹിച്ച ആല്‍ബിയും അഭിനന്ദനം അര്‍ഹിക്കുന്നു.





READ MORE REVIEWS
MillionaireMatch.com - the best dating site for sexy, successful singles! 
MillionaireMatch.com - the best dating site for successful singles!
TAG